കോഴിക്കോട്: ഫാസ്ടാഗിൽ പണമില്ലെന്ന് കണ്ടതോടെ എൻഎച്ച് 66ൽനിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി ബസ്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിശദീകരണം തേടിയിരിക്കുകയാണ് ഗതാഗത വകുപ്പ്.
കോഴിക്കോട്ടുനിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടകരമായ രീതിയിൽ ദേശീയപാതയിൽ വാഹനം ഓടിച്ചത്.
തൊണ്ടയാടുനിന്നും ദേശീയപാത ബൈപാസിലേക്ക് കയറിയ ബസ് ടോൾപ്ലാസയിൽ എത്തിയപ്പോൾ ഫാസ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് വ്യക്തമായതിനെത്തുടർന്ന് അവിടെവച്ച് തിരിച്ച് തിരികെപ്പോരുകയായിരുന്നു. മധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്ററോളം തിരിഞ്ഞോടിയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ സ്ലോ ട്രാക്കിലേക്ക് മാറ്റുകയും ചെയ്തു.
കോഴിക്കോടൻ കിച്ചൺസിന്റെ സമീപത്തുള്ള എക്സിറ്റിൽവച്ച് സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് യാത്ര തുടർന്നു. സർവീസ് റോഡിലേക്ക് കയറുന്നതിനിടെ ഗതാഗതക്കുരുക്കുണ്ടാക്കുന്നതും തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിന്റെയും ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഫാസ്ടാഗിൽ പണമില്ലാത്തതിനാൽ ഡ്രൈവർ യുപിഐ വഴി പണമടച്ചാൽ തുക റീ ഇംബേഴ്സ് ചെയ്യാൻ വകുപ്പില്ലാത്തതാണ് ഇങ്ങനെ തെറ്റായ ദിശയിലൂടെ വണ്ടി ഓടിക്കാൻ ഡ്രൈവറെ പ്രേരിപ്പിച്ചത്. കെഎസ്ആർടിസിക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്ഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും.
ജീവനക്കാർക്കെതിരെ നടപടി
ചാത്തന്നൂർ: സൂപ്പർ ഫാസ്റ്റിലെ ജീവനക്കാർക്കെതിരേ നടപടിയെടുത്ത് കെഎസ്ആർടിസി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ബസിലെ ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ ട്രാഫിക് നിയമലംഘനം നടന്നതായി കണ്ടെത്തി.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസിലെ രണ്ട് ജീവനക്കാരെയും സർവീസിൽനിന്ന് നീക്കംചെയ്തു. മോട്ടോർ വാഹന വകുപ്പും പോലീസും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.